Wednesday, June 10, 2009

ഭാരതപ്പുഴയുടെ കൈവഴികളില്‍ വ്യാപക കൈയേറ്റo: നിയമസഭാസമിതി


Date : June 11 2009
ഭാരതപ്പുഴയിലെ മണല്‍ക്കൊള്ള: നിയമഭേദഗതിക്ക്‌ ശുപാര്‍ശചെയ്യും -നിയമസഭാസമിതി

പാലക്കാട്‌: ഭാരതപ്പുഴയിലെ മണല്‍ക്കൊള്ള നിയന്ത്രിച്ച്‌ പുഴ സംരക്ഷിക്കുന്നതിന്‌ നിലവിലുള്ള നദീസംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ നിയമഭേദഗതിക്ക്‌ പാര്‍ശചെയ്യുമെന്ന്‌ നിയമസഭാ പരിസ്ഥിതികമ്മിറ്റി വ്യക്തമാക്കി. അനധികൃത മണല്‍വാരല്‍ ഇനിയും അനുവദിച്ചാല്‍ പുഴയുടെ മരണമായിരിക്കും ഫലമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഭാരതപ്പുഴ സംരക്ഷണത്തിന്‌ സമഗ്രപദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന തെളിവെടുപ്പിലാണ്‌ സമിതി അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്‌. ഭാരതപ്പുഴയില്‍ ജില്ലയുടെ പരിധിയില്‍മാത്രം 100 അനധികൃത കടവുകളുണ്ടെന്ന്‌ സമിതി ചെയര്‍മാന്‍ രാജാജി മാത്യു തോമസ്‌ എം.എല്‍.എ. പറഞ്ഞു. മണല്‍ മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്‌. നിലവിലുള്ള നിയമംകൊണ്ട്‌ ഇവരെ തടയാനാവുന്നില്ല. മണല്‍റെയ്‌ഡും കാര്യക്ഷമമല്ല.

ഭാരതപ്പുഴയുടെ കൈവഴികളില്‍ വ്യാപക കൈയേറ്റവും നടക്കുന്നുണ്ട്‌. ഇത്‌ തടയാന്‍ നദീസംരക്ഷണനിയമം ഭേദഗതിചെയ്‌ത്‌ വ്യവസ്ഥകള്‍ കര്‍ക്കശമാക്കണമെന്ന്‌ രാജാജി മാത്യു തോമസ്‌ പറഞ്ഞു. അനധികൃത മണല്‍വാരല്‍ ജാമ്യമില്ലാത്തവകുപ്പില്‍ ഉള്‍പ്പെടുത്തണം. മണല്‍വാരുന്നവര്‍ക്കും അവര്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന മാഫിയകള്‍ക്കുമെതിരെ കേസെടുക്കാന്‍ സമിതി ശുപാര്‍ശചെയ്യും. മണല്‍റെയ്‌ഡിനും പുഴ സംരക്ഷണത്തിനും സായുധരായ പോലീസും പരിസ്ഥിതി പോലീസും വേണമെന്നാണ്‌ സമിതിയുടെ അഭിപ്രായമെന്ന്‌ അംഗങ്ങള്‍ പറഞ്ഞു.

ഭാരതപ്പുഴ സംരക്ഷണത്തിന്‌ പ്രത്യേക അതോറിട്ടി രൂപവത്‌കരിക്കുന്നകാര്യം പരിഗണനയിലുണ്ട്‌. മണലിന്‌ ബദലായി എം.സാന്‍ഡ്‌ ഉപയോഗിക്കുന്നതിനും മണല്‍ ഉപയോഗം കുറയ്‌ക്കുന്നതിനും നിര്‍ദേശങ്ങളുണ്ട്‌. സമിതിയുടെ റിപ്പോര്‍ട്ട്‌ എത്രയുംപെട്ടെന്ന്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ വി.ഡി. സതീശന്‍, എം. ഹംസ, എ.എം. യൂസഫ്‌ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ കല്‌പാത്തിപ്പുഴയിലെ കൈയേറ്റസ്ഥലവും മലമ്പുഴ മാന്തുരുത്തിയിലുള്ള ഐ.എം.എ.യുടെ മാലിന്യസംസ്‌കരണകേന്ദ്രമായ ഇമേജും സന്ദര്‍ശിച്ചു.


source: Mathrubhumi


Date : June 11 2009
മണല്‍ക്കൊള്ള: പോലീസ്‌-റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

പാലക്കാട്‌: അനധികൃത മണല്‍വാരലിനും മണല്‍മാഫിയയ്‌ക്കും കൂട്ടുനില്‍ക്കുന്നത്‌ പോലീസ്‌-റവന്യു ഉദ്യോഗസ്ഥരാണെന്ന്‌ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും. ഇവര്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ മണല്‍വാരല്‍ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ പറ്റുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ ആവശ്യത്തിന്‌ സന്നാഹങ്ങളും ആള്‍ബലവും ഇല്ലാത്തതാണ്‌ പ്രധാനപ്രശ്‌നമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്‌ച കളക്ടറേറ്റില്‍ ഭാരതപ്പുഴ സംരക്ഷണത്തിന്‌ നടത്തിയ നിയമസഭാസമിതി തെളിവെടുപ്പിലാണ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്‌.


അധികൃതരുടെ മൂക്കിനുതാഴെ റെയില്‍വേസ്റ്റേഷന്‌ സമീപം അനധികൃത മണല്‍വാരല്‍ വ്യാപകമായിട്ടും ഇക്കൂട്ടരെ ഒതുക്കാനായിട്ടില്ലെന്ന്‌ ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ കെ.പി. രാമരാജന്‍ കുറ്റപ്പെടുത്തി. അനധികൃത മണല്‍വാരലിനെക്കുറിച്ച്‌ റവന്യുഅധികൃതര്‍ക്ക്‌ വിവരംനല്‍കിയാല്‍പോലും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ചെക്‌പോസ്റ്റ്‌ സ്ഥാപിച്ച്‌ മണല്‍മാഫിയകളെ നിയന്ത്രിക്കുന്ന വിളയൂര്‍പഞ്ചായത്തിന്റെ മാതൃക മറ്റ്‌ പഞ്ചായത്തുകളും സ്വീകരിക്കണമെന്ന്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. റിവര്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന്‌ ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ഡോ. പി.എസ്‌. പണിക്കര്‍ ആവശ്യപ്പെട്ടു. കെ.പി. സുരേഷ്‌രാജ്‌, എ. ഭാസ്‌കരന്‍, ബാലന്‍, ശിവപ്രകാശ്‌, മണികണുന്‍, എസ്‌. ഗുരുവായൂരപ്പന്‍, ടി.കെ. അച്യുതന്‍, പ്രേംദാസ്‌, കണക്കമ്പാറ ബാബു തുടങ്ങി നിരവധി സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും ചര്‍ച്ചയില്‍ സംസാരിച്ചു.

ഭാരതപ്പുഴയിലെ മണലിന്റെ ലഭ്യതയെക്കുറിച്ച്‌ സെസ്‌ പഠനംനടത്തണമെന്ന്‌ യോഗത്തില്‍ ആവശ്യമുയര്‍ന്നു. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്‌ ജില്ലകളിലെ മണല്‍പാസ്‌ വിതരണം ഏകീകരിക്കുക, ജില്ലയിലെ കമ്പ്യൂട്ടര്‍പാസ്‌ വിതരണത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുക, കഞ്ചിക്കോട്‌ വ്യവസായമേഖലയിലെ ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണം തടയുക, മലമ്പുഴയുടെ വൃഷ്ടിപ്രദേശത്തുള്ള ഇരുമ്പുരുക്കുകമ്പനിയുടെ പ്രവര്‍ത്തനം തടയുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഒട്ടേറെ നിവേദനങ്ങളും നിയമസഭാ സമിതിക്ക്‌ നല്‍കി. അതേസമയം, ഭാരതപ്പുഴ ഒഴുകുന്ന തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍ റിവര്‍ മാനേജ്‌മെന്റ്‌ ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച്‌ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ നിയമസഭാ സമിതി വ്യക്തമാക്കി. ഫണ്ട്‌ നല്ലരീതിയില്‍ വിനിയോഗിക്കാന്‍ നടപടിയെടുക്കും.

തീരങ്ങളില്‍ മുളയും രാമച്ചവും വെച്ചുപിടിപ്പിക്കും. സംസ്ഥാനത്ത്‌ ഏറ്റവുമധികം മണല്‍ക്കൊള്ള നടക്കുന്ന പുഴകളിലൊന്നാണ്‌ ഭാരതപ്പുഴ. മൂന്ന്‌ ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചാല്‍ മാത്രമെ പുഴയെ സംരക്ഷിക്കാനാവൂ. ഭാരതപ്പുഴയിലെ മണല്‍നിക്ഷേപത്തെക്കുറിച്ചും മണലെടുപ്പിനെത്തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്താന്‍ ശുപാര്‍ശചെയ്യുമെന്നും കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.

മണല്‍വേട്ടയ്‌ക്ക്‌ ഡിവൈ.എസ്‌.പി.തലത്തില്‍ സ്‌ക്വാഡുകള്‍ രൂപവത്‌കരിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യത്തിന്‌ സുരക്ഷ ഉറപ്പാക്കിയാല്‍ മണല്‍റെയ്‌ഡ്‌ കാര്യക്ഷമമാക്കാനാവുമെന്ന്‌ പോലീസ്‌-റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട്‌, മലപ്പുറം കളക്ടര്‍മാരായ എം.സി.മോഹന്‍ദാസ്‌, എ.ടി.ജയിംസ്‌, മൂന്ന്‌ ജില്ലകളിലെയും പോലീസ്‌ സൂപ്രണ്ടുമാര്‍, റവന്യുഅധികൃതര്‍, സെസ്‌ ഡയറക്ടര്‍, മൈനിങ്‌ ആന്‍ഡ്‌ ജിയോളജി ഡയറക്ടര്‍, പരിസ്ഥിതി, ജലവിഭവം, റവന്യു, തദ്ദേശസ്വയംഭരണ വിഭാഗങ്ങളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment